ജി. ആർ. ഇന്ദുഗോപൻ രചിച്ച ലഘു നോവലായ "ശംഖുമുഖി" വായിച്ചു. നോവലിനൊരു ആസ്വാദനം എഴുതാനായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ അത് പ്രമുഖർ പലരും ചെയ്തു കഴിഞ്ഞതിനാൽ ശംഖുമുഖിയിൽ നിന്ന് ജന്മം കൊണ്ട തിരക്കഥയായ "കാപ്പ"യുമായുള്ള താരതമ്യ അവലോകനം ആകാമെന്ന് കരുതി.
കാപ്പയാണോ ശംഖുമുഖിയാണോ മികച്ചത് എന്ന് എന്നോട് ചോദിച്ചാൽ ശംഖുമുഖി എന്ന് തന്നെയാവും എന്റെ ഉത്തരം. ലേഖകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പാരമ്യത ആണ് നോവലിൽ കാണാൻ കഴിയുക. സിനിമയുടെ തിരക്കഥ രചിച്ചത് നോവൽ എഴുതിയ ആൾ തന്നെയാണെങ്കിലും സിനിമ എന്ന മാധ്യമം കൂടുതൽ പ്രയോഗികത ആവശ്യപ്പെടുന്ന ഒന്നായത് കൊണ്ട് നോവലിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട്, അല്ലെങ്കിൽ രചനയിൽ അവലംബിച്ച ആവിഷ്കര സ്വാതന്ത്ര്യം രചയിതാവ് തന്നെ സ്വന്തമായി വെട്ടി കുറച്ചിട്ടുണ്ട്.
നോവലിൽ ആനന്ദ് ആണ് മുഖ്യ കഥാപാത്രം. ആനന്ദ്, തന്റെ ഭാര്യയുടെ ബിനു തൃവിക്രമൻ എന്ന പേര് ഗൂണ്ട ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാൻ പരിശ്രമിക്കുന്നതിനിടയിൽ നമ്മൾ /അയാൾ കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ ആണ് കൊട്ട മധുവും പ്രമീളയും ജബ്ബാറും ഒക്കെ. അല്ലാതെ സിനിമയിലെ പോലെ കൊട്ട മധു അല്ല നോവലിലെ നായകൻ. നോവലിൽ എനിക്കിഷ്ടപ്പെട്ട, സിനിമയിൽ അധികം പ്രാധാന്യം കൊടുക്കാത്ത ആനന്ദ് എന്ന കഥാപാത്രത്തിന്റെ വികാസം, പ്രമീള ഉള്ളിലൊതുക്കുന്ന സ്വകാര്യ ദുഃഖങ്ങൾ, കൊട്ട മധു തന്റെ പഴയ കഥകൾ ആനന്ദിനോട് വിവരിക്കുന്ന ഭാഗം, അയാൾക്ക് എങ്ങനെ "കൊട്ട" എന്ന വട്ടപ്പേര് ഉണ്ടായി എന്നുള്ള കഥ (അത് സിനിമയിൽ ഉള്ളതായി ഓർക്കുന്നില്ല) - ഇവയൊക്കെ മികച്ച വായനാനുഭൂതി നൽകുന്നു.
നായക നടനായ, താരമെന്നു പുകൾ പെറ്റ സുകുമാരപുത്രൻ നായകനായ സിനിമയിൽ താരതമ്യേന ചെറിയ മത്സ്യമായ ആസിഫ് അലിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണ്ട എന്ന് കരുതി തന്നെയാവണം ആനന്ദിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യവും സ്ക്രീൻ സമയവും തിരക്കഥയിൽ വെട്ടിക്കുറച്ചത്.
ആനന്ദും പ്രമീളയും തമ്മിലുണ്ടാകുന്ന ആത്മബന്ധം ഒരു സഹോദരി സഹോദര ബന്ധത്തിന്റെ ഊഷ്മളത വായനക്കാർക്ക് പ്രദാനം ചെയ്യുന്നു. സിനിമയിലേതിനേക്കാൾ മധുവിന്റെ മാനസിക സംഘർഷങ്ങൾ വായനക്കാരിലേക്ക് പകർന്നു കിട്ടുന്നത് നോവൽ വായിക്കുമ്പോൾ തന്നെയാണ്. നഗരത്തെ വിറപ്പിച്ച ഗുണ്ടയാണെങ്കിലും മരണം മുന്നിൽ കാണുമ്പോൾ അവസാനമായി മകളുടെ മുഖം കാണാൻ ആഗ്രഹിക്കുന്ന മധു ഏതൊരു സാധാരണക്കാരന്റെയും പ്രതിനിധി തന്നെയാണ്. ഒരു ഇളം ബാല്യത്തിന്റെ വിശപ്പടക്കാനുള്ള സാഹചര്യമില്ലായ്മയെ ചൂഷണം ചെയ്താണ് താൻ കൊട്ട മധു ആയത് എന്ന കയ്പ്പേറിയ സത്യം മരണം വരെയും അയാളെ അലട്ടുന്നുണ്ട്.
തന്റേതല്ലാത്ത കാരണത്താൽ കൊട്ട മധു മരിച്ചപ്പോൾ ഒരു സഹോദരന്റെ മൃത ശരീരം കാണാനെന്ന പോലെ ഓടിയെത്തുന്ന ആനന്ദ്, പ്രമീളയോട് താനല്ല ഒന്നിനും ഉത്തരവാദി എന്ന് തെളിയിക്കാൻ വിതുമ്പുന്ന ആനന്ദ്, വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും. സിനിമ അവസാനിപ്പിക്കാൻ ഇന്ദുഗോപൻ എഴുതി തയ്യാറാക്കിയ "പഞ്ച്" സീൻ, നോവലിൽ ബിനുവിന്റെ വളരെ അമൂർത്തമായ, ക്രൂരമായ ഒരു ചിരിയിൽ ഒതുക്കിയിരിക്കുന്നുവെങ്കിലും ആ അവസാനിപ്പിക്കലിന്റെ ഭംഗി ഒട്ടുമേ കുറഞ്ഞു പോയിട്ടില്ല എന്ന് വേണം പറയാൻ. അവസാനമായി പറഞ്ഞു കൊള്ളട്ടെ - കാപ്പ സിനിമയിൽ പ്രമീളയായും ബിനുവായും അഭിനയിച്ച നടിമാരുടെ അഭിനയം മോശമാണെന്നും കൃത്രിമമായി തോന്നിയെന്നും ഉള്ള അഭിപ്രായത്തോട് ഞാൻ ഒട്ടും യോജിക്കുന്നില്ല.
ശംഖുമുഖി ഇന്ദുഗോപന്റെ മികച്ച വായനാനുഭവം തരുന്ന കൃതികളിൽ ഒന്നാണെന്നു നിസ്സംശയം പറയാം. കാപ്പ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടുള്ള ശംഖുമുഖിയുടെ ഒട്ടും മോശമല്ലാത്ത ചലച്ചിത്രാവിഷ്കരവും.
ഡി. സി. ബുക്സ് പുറത്തിറക്കിയ "പടിഞ്ഞാറേക്കൊല്ലം ചോരക്കാലം" എന്ന പേരുള്ള പുസ്തകത്തിലെ മൂന്ന് ലഘു നോവലുകളിൽ മൂന്നാമത്തേതായി ശംഖുമുഖി ഉൾപ്പെടുത്തിയിരിക്കുന്നു. വില 149/-.
Comments